സഹന ശക്തി നഷ്ടപ്പെട്ടിരിക്കുന്നു... മനസു കൈവിട്ടു പോയിരിക്കുന്നു... ഏത് അവസ്ഥയെ ഞാൻ തരണം ചെയ്യുവാനായി ഭ്രാന്തിൻ്റെ മുഖം മൂടി അണിഞ്ഞുവോ , ആ അവസ്ഥയെ തരണം ചെയ്യാൻ കഴിയാത്ത വിധം ആ മുഖം മൂടി പോലും വലിച്ചു കീറപ്പെട്ടിരിക്കുന്നു... ജനനത്തേ പോലും ശാപത്താൽ നിറക്കാൻ ആഗ്രഹിച്ചു പോകുന്നു ....
നിന്നോട് ഞാൻ ഒന്നും മറച്ചു വച്ചിട്ടില്ല... ഒരു സുഹൃത്തിനപ്പുറം മറ്റെന്തൊക്കെയോ ആയി തീർന്നിട്ടും നിന്നിൽ നിന്നും ഒന്നും മറയ്ക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല....കാലത്തിൻ്റെ കുത്തൊഴുക്കിനു പോലും മായ്ക്കാൻ കഴിയാത്ത നോവുകൾ ഉളളിൽ നീറി പുകയുമ്പോഴും ഭ്രാന്തിൻ്റെ മുഖം മൂടി അണിഞ്ഞത് എൻ്റെ കണ്ണുകൾ നിൻ്റെ മുൻപിൽ നിറയാതിരിക്കാനായിരുന്നു...
ഒടുവിൽ നീയും എന്നെ വിളിച്ചു... ''ഭ്രാന്തി '' എന്ന്...
'ഇല്ല' ... തെല്ലും അതെൻ്റെ മനസിനെ നോവിക്കില്ല.. കാരണം തെറ്റ് പറ്റിയത് എനിക്കാണ്... ജീവിതത്തിലെ ഒാരോ നഷ്ടങ്ങളെയും വളരെ നിസാരമായി നിനക്ക് മുന്നിൽ ഞാൻ തുറന്നു കാട്ടി ; ഒരു ഭ്രാന്തൻ ചിരിയാൽ മൂടി കൊണ്ട് .....
'പാടില്ലായിരുന്നു... തെറ്റ് പറ്റിയിരിക്കുന്നു എനിക്ക് ... '
നീ പറഞ്ഞത് ശരിയാണ്... എൻ്റെ ഭ്രാന്തൻ ചിന്തകളാണ് എന്നെ ഇങ്ങനെ മാറ്റിയത്.. അത് ഒഴിവാക്കിയാൽ തന്നെ എല്ലാം മാറും... എല്ലാം.....
പക്ഷെ അപ്പോഴും നീ മനസിലാക്കാത്ത ഒന്നുണ്ട്... എൻ്റെ മനസ്....
ഏത് ചിന്തകളെയാണ് ഞാൻ അകറ്റി നിർത്തേണ്ടത്...? എനിക്ക് സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് ഒാർത്തുളള എൻ്റെ വിങ്ങലുകളെയോ... ? അതോ ആ നഷ്ടങ്ങൾ എനിക്കുണ്ടാക്കിയ നാശങ്ങളെയോ..?
എല്ലാമറിയുന്നവനാണ് നീ... നിനക്ക് മാത്രമാണ് എല്ലാം അറിയുക..
ഒന്നും നേടിയിട്ടില്ല ഞാൻ .. അഥവാ ; നേടിയെന്ന് തോന്നിയവയെല്ലാം കൈപിടിയിൽ ഒതുങ്ങി എന്ന് കരുതിയ സമയം നഷ്ടങ്ങളായി മാറപ്പെട്ടു.. അതല്ലെ സത്യം... അതെ അത് തന്നെ..
അറിയുന്നുണ്ടോ നീ അത്...?
ഭയം... അതെന്നെ പിടി കൂടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.. പക്ഷെ ഇന്ന് അതും എന്നിൽ പിടി മുറിക്കിയിരിക്കുന്നു...
എന്തിനാണ് ഞാൻ ഭയപ്പെടുന്നത്... അറിയണ്ടേ നിനക്ക്..
'വിധി '
അതെ വിധി എന്ന രണ്ടക്ഷരത്തെ ഞാൻ ഭയപ്പെടുന്നു...
വിധി എനിക്ക് നൽകിയ നേട്ടങ്ങളെല്ലാം നഷ്ടങ്ങളുടെ പട്ടികയിലെക്ക് വലിച്ചെറിഞ്ഞു... ഒടുവിൽ ഞാൻ നേടിയത് നിന്നെയാണ് ...
എൻ്റെ കണ്ണുകൾ നിനക്ക് മുന്നിൽ നിറയുന്നത് , ഭയം എന്നെ കീഴ്പ്പെടുത്തിയതിനാലാണ്....
അതെ ... ഞാൻ ഭയപ്പെടുന്നു.. ബന്ധങ്ങളെല്ലാം നഷ്ടങ്ങളായി മാറിയ എൻ്റെ ജീവിതത്തിൽ നിന്നിലൂടെ വിധി എന്നെ തേടി വരുന്നത് എപ്പോഴാണെന്ന ഭയത്തിൽ ഞാൻ തീർത്തും ഭ്രാന്തിയായിരിക്കുന്നു...
തൂലിക തുമ്പിൽ ഞാൻ കോർത്തു വച്ച അക്ഷരങ്ങൾ പോലും എന്നെ ഒരു ഭ്രാന്തിയായി ചിത്രീകരിക്കുന്നുണ്ടോ..? അറിയില്ല !
പക്ഷെ ഒന്നെനിക്കറിയാം..
എൻ്റെ പുഞ്ചിരിക്കും കണ്ണുനീരിനും ആത്മാവ് നഷ്ടപ്പെട്ട ഈ ശരീരത്തിനും പോലും ജീവൻ പകരുവാൻ നിനക്കല്ലാതെ മറ്റാർക്കും സാധിക്കില്ല...
പൊന്നൂസ്
