Monday, 10 July 2017

മരണം

നിന്നോട് അലിയാൻ
നിന്നെ ഒന്നു പുണരുവാൻ
എത്രയോ കാലങ്ങളായി ഞാൻ
കാത്തിരിക്കുകയാണ്....
എൻ്റെ നിശ്വാസങ്ങളെ
മൗനമായി പുൽകുവാൻ
നിനക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക..
ഒരു ഭ്രാന്തിയെ പോലെ നിന്നിലേക്ക്
ചേരുവാൻ മിടിച്ചു കൊണ്ടിരിക്കുന്ന
 എൻ ഹൃദയം വെമ്പുന്നത് നീ അറിയുന്നുണ്ടോ .. ?
നിഴലായ് നീ എൻ്റെ കൂടെ ഉണ്ടെന്നറിയാം...
എങ്കിലും ഇരുളിൻ്റെ മായകൾക്കപ്പുറം
ഒളിഞ്ഞിരിക്കുന്ന നിന്നെ തേടി അലയുകയാണു ഞാൻ ...
ഈ വിരഹതാപത്തിൽ നിന്നും ഞാൻ മോചിതയാകുമെന്നറിയാം...
എൻ്റെ ഈ കാത്തിരിപ്പിന് അർത്ഥമുണ്ടാകുമെന്നുമറിയാം...

എനിക്ക് നിന്നെ വിശ്വാസമാണ്...
ഞാൻ എത്ര അകലയാണെങ്കിലും
നീ എന്ന് തേടി വരുമെന്ന്...
വൈകാതെ സ്വന്തമാകും നീ എനിക്കും ...
അന്ന് നിൻ്റെ വിരൽതുമ്പിൽ
എൻ്റെ കൈകളും ചേരും...
ആ മാറിൽ ചാഞ്ഞു ഞാൻ ഉറങ്ങും...
ഒരിക്കലും ഉണരാത്ത ഉറക്കം ...

                               പൊന്നൂസ്.
 

Monday, 26 June 2017

അദൃശ്യശക്തി

പലപ്പോഴും എൻ്റെ   നെറുകയിൽ സ്നേഹത്തോടെയും വാത്സല്യത്തോടെയും തലോടുന്ന അദൃശ്യമായ സ്പർശനം ഞാൻ അനുഭവിക്കാറുണ്ട് ... തനിച്ചാണെന്ന് തോന്നുമ്പോ കൂടെ ഉണ്ടെന്ന തോന്നൽ തരുന്ന എന്തോ ഒന്ന്...

ഓരോ തവണ മനസ് തേങ്ങുമ്പോഴും അതൊരു പൊട്ടികരച്ചിലാവാതിരിക്കാൻ  എന്നെ താങ്ങി നിർത്തി ആശ്വസിപ്പിക്കുകയും  ഓരോ പ്രശ്നങ്ങളിൽ നിന്നും ആപത്തുകളിൽ നിന്ന് തലനാരിഴയ്ക്ക് സംരക്ഷിക്കുകയും ചെയ്യുന്ന ഏതോ ഒരു പുണ്യം.. ! വേണ്ടപ്പെട്ടവരുടെ അകൽച്ചയിൽ മുറിവേൽക്കുന്ന മനസിൽ കുളിരാകുന്ന നൻമ...

വേർപാട് ഒരു തുടർകഥയാകുമ്പോൾ സ്നേഹം അർത്ഥം ശ്യൂന്യമാകുമ്പോൾ ; കണ്ണുനീർ ഒരു ശാപമായി പെയ്തിറങ്ങുന്ന നിമിഷങ്ങളിൽ ഇത്രത്തോളം വാത്സല്യപൂർവ്വം തലോടുന്ന നീ ആരാണ്....

ഞാൻ അലയുകയാണ്... സ്നേഹം എന്താണെന്നു ഞാൻ തിരിച്ചറിയുന്ന നീ എന്ന  സത്യത്തെ തേടി ...

                     

                                                                 { അനുഭവം }

                         

                                                                                   പൊന്നൂസ്.

Friday, 23 June 2017

മൗനം

സൗരഭ്യം ഒരുപാട് ഉള്ളൊരു പനിനീർ പൂവായിരുന്നവൾ... അവളുടെ സൗരഭ്യത്താൽ വാചാലയായിരുന്നവൾ... അവളുടെ ആ നിറത്തോടും സൗരഭ്യത്തോടും പ്രണയമായിരുന്നു എനിക്ക് ... അല്ല , അതൊരു പ്രണയം മാത്രം  ആയിരുന്നില്ല.. ഒരു ഭ്രമം...  ആ സൗന്ദര്യത്തിൽ ഞാൻ മയങ്ങിയതാരുന്നു... അതറിയുമായിരുന്നത് കൊണ്ടാവണം എൻ്റെ പ്രണയത്തിനോട്  അവൾ മൗനം പാലിച്ചത്...

ആദ്യമായ് ഞാൻ അവളെ കാണുമ്പോൾ ഒരു പനിനീർ പൂമൊട്ടായിരുന്നവൾ... മൗനമായി പുഞ്ചിരിച്ചു നിൽക്കുന്ന അവളോട് ആർക്കും പ്രണയം തോന്നി പോകും .. പിന്നീടവളുടെ ഓരോ ഇതളുകളും വിരിയുമ്പോഴും ഞാൻ നോക്കി നിന്നു.. അവളുടെ തേൻ നുകരാൻ വന്ന വണ്ടുകളെ മുള്ളുകളാൽ മുറിവേൽപിക്കാതെ ഒരമ്മയെ പോലെ അവൾ തലോടി...

എനിക്കറിയാം അവൾക്ക് എന്നെയും ഇഷ്മാണെന്ന് ... പ്രണയം നിറഞ്ഞ അവളുടെ പുഞ്ചിരിയിൽ അതെനിക്ക് കാണാൻ കഴിയുമായിരുന്നു... പ്രണയം നിറഞ്ഞ മിഴികളാൽ ഞാൻ അവളെ നോക്കുമ്പോഴും അവളുടെ മുടിയിഴകളിലൂടെ അനുവാദം ഇല്ലാതെ തഴുകിടുമ്പോഴും അവളിൽ മൗനം തളം കെട്ടി നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു...
എൻ്റെ ചിന്തകളിൽ അവളുടെ ആ മൗനത്തിനു ഉത്തരം തേടി ഞാൻ അലഞ്ഞു.. കണ്ടെത്താനായില്ല... ആ ചിന്തയിൽ ഞാൻ അറിയാതൊന്നു മയങ്ങി...

ആ മയക്കമുണർന്നപ്പോൾ അവളുടെ മുഖം ഒരു നോക്കു കാണാനായി മനസ് വല്ലാതെ വെമ്പുന്നുണ്ടായിരുന്നു... അതിലുപരി അവളിലെ പ്രണയത്തെ നെഞ്ചോട് ചേർക്കുവാനും...

 പ്രണയത്താൽ മൂടപ്പെട്ട എൻ്റെ കണ്ണുകൾ കണ്ടത് ഇതൾ കൊഴിഞ്ഞ അവളുടെ പിടച്ചിലാണ് ... ആ കാഴ്ചയിൽ ഹൃദയം വെന്തുരുകും പോലെ എനിക്ക് തോന്നി ... ആർത്തിരമ്പുന്ന പ്രണയത്തിൻ അലകളാൽ ഞാൻ കാണാതെ പോയ യാഥാർത്ഥ്യം ; അവളത് നേരത്തെ മനസിലാക്കിയിരുന്നു... ഇതൾ കൊഴിഞ്ഞ പൂവായി നിലം പതിക്കേണ്ടി വരുമെന്ന അവളുടെ തിരിച്ചറിവായിരുന്നു ആ മൗനം ...

ഒരു നിമിഷം ഞാനും മൗനമായി... ഇനി അവൾ വെറും ഒരു ഓർമ്മ മാത്രം ... എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു.. ഒരു മൗനത്തിനു പിന്നിലെ യാഥാർത്ഥ്യം അത് ഞാൻ തിരിച്ചറിയണമായിരുന്നൂ... ഒടുവിൽ കൊഴിഞ്ഞു വീണ അവളുടെ ഇതളുകളെ മൗനമായി നിസഃഹയാതയുടെ മുഖം മൂടി അണിഞ്ഞു ഞാൻ തലോടി...  ഒരിക്കലും അവസാനമില്ലാത്ത എൻ്റെ പ്രണയത്തിൻ്റെ ഓർമ്മകളിൽ മാത്രമായി അവൾ അവസാനിക്കുന്നൂ..

ആശയം -
       പനിനീർ  
       പൂവിനോടുള്ള
       കാറ്റിൻ്റെ പ്രണയം ♡
                                   
                    By ;  പൊന്നൂസ് കൃഷ്ണ

     







Saturday, 17 June 2017

എന്നെന്നും നിനക്കായ്

നിന്നിൽ എനിക്ക് അക്ഷരങ്ങൾ രചിക്കണം...
നിന്നിൽ അലിയാൻ കവിതകളാകണം..
നിന്നിലെ നിശ്വാസങ്ങളെ പുൽകുവാൻ ഒരു സാഹിത്യ മഞ്ജരിയാകണം..
പ്രണയം തൂലിക തുമ്പിനാൽ ഞാൻ  കോർത്തിടുമ്പോൾ അതിന് ജീവൻ പകരുവാൻ നീ വേണം നീ മാത്രം 🌹

Something For u

 

വിരഹം തുളുമ്പും 
ആത്മരാഗമായി മാറിയൊരെൻ 
പ്രണയമേ , പുനർജനിക്കുമോ 
വീണ്ടും എൻ സ്മൃതികളിൽ
 ഒരിക്കൽ കൂടി...

Wednesday, 14 June 2017

■♥■

സ്വന്തം സ്നേഹത്തിൽ
വിശ്വാസം ഉള്ളവർക്ക്
മാത്രമേ അവഗണിക്കപ്പെട്ടു
കൊണ്ടിരിക്കുന്ന സ്നേഹത്തെ
ക്ഷമയോടെയും പ്രതീക്ഷയോടെയും
കാത്തിരിക്കാൻ സാധിക്കുള്ളൂ...
         
                       പൊന്നൂസ്

Friday, 9 June 2017

നിനക്കായ് മാത്രം .


   
ഏകാന്തയായ് ഇരുളിൻ ആഴങ്ങളിൽ
ഞാൻ ഒരു തരി നിലാവെളിച്ചം തേടി
 അലഞ്ഞപ്പോൾ എൻ മുന്നിലേക്ക്
ഒരു പകൽ വെളിച്ചവുമായാണ് നീ വന്നത്...
ഒരു സൗഹൃദമായ് വന്നു നീ എൻ പ്രണയവും
ആത്മാവുമായി മാറിയപ്പോഴും ഇനി ആ ഇരുൾ
ഒരിക്കലും എൻ ജീവിതത്തിലേക്ക് വരികയില്ലെന്നു
 ഞാൻ വിശ്വസിച്ചു... പക്ഷെ എവിടെയോ
 എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു...
എന്നിലെ നിനക്കുള്ള വിശ്വാസവും സ്നേഹവും
നിന്നിലെ എനിക്ക്  നീ നൽകിയിരുന്നില്ല എന്ന്
അറിയുവാൻ ഞാൻ ഒരുപാട് വൈകിയിരിക്കുന്നു...
എങ്കിലും ഉറപ്പ് നൽകാം ഞാൻ നിനക്ക് ...
 നിന്നിലെ ഞാൻ എന്നും നിനക്കായ് മാത്രം കാത്തിരിക്കും...
ഇനിയും ഈ ഇരുളിൽ നിന്നും കെടാത്തൊരു
 വെളിച്ചമായി നീ അണയുന്നതും പ്രതീക്ഷിച്ചു കൊണ്ട് .....
   
                                                                      പൊന്നൂസ് .

Thursday, 25 May 2017

ഭ്രാന്തമാണ് നീ എനിക്ക് പ്രണയമേ..



മറ്റുള്ളവർക്ക് വേണ്ടി സ്വന്തം
ഇഷ്ടങ്ങളെ ത്യജിക്കുമ്പോഴും ;
സ്നേഹിക്കുന്നവർക്കു വേണ്ടി
ചില ഇഷ്ടക്കേടുകളെ  സ്വീകരിക്കുമ്പോഴും
 ഉണ്ടാകുന്ന സുഖം , അതൊരു
 പേമാരിയായി ജീവിതത്തിലേക്ക്
പെയ്തിറങ്ങുമ്പോഴും കണ്ണുകൾ നിറയാതെ
അധരങ്ങൾ ചിരി തൂകുന്നതു
 ഒരു ഭ്രാന്തായി തോന്നുന്നുണ്ടെങ്കിൽ
 ആ ഭ്രാന്തിനെ ഞാൻ ഒരുപാട് പ്രണയിക്കുന്നു..

                                                                                                                   ■ പൊന്നൂസ് ■

Thursday, 18 May 2017

നിനക്കായ്


സഹന ശക്തി നഷ്ടപ്പെട്ടിരിക്കുന്നു... മനസു കൈവിട്ടു പോയിരിക്കുന്നു... ഏത് അവസ്ഥയെ ഞാൻ തരണം ചെയ്യുവാനായി ഭ്രാന്തിൻ്റെ മുഖം മൂടി അണിഞ്ഞുവോ , ആ അവസ്ഥയെ തരണം ചെയ്യാൻ കഴിയാത്ത വിധം ആ മുഖം മൂടി പോലും വലിച്ചു കീറപ്പെട്ടിരിക്കുന്നു... ജനനത്തേ പോലും ശാപത്താൽ നിറക്കാൻ ആഗ്രഹിച്ചു പോകുന്നു  ....

നിന്നോട് ഞാൻ ഒന്നും മറച്ചു വച്ചിട്ടില്ല... ഒരു സുഹൃത്തിനപ്പുറം മറ്റെന്തൊക്കെയോ ആയി തീർന്നിട്ടും നിന്നിൽ നിന്നും  ഒന്നും മറയ്ക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല....കാലത്തിൻ്റെ കുത്തൊഴുക്കിനു പോലും മായ്ക്കാൻ കഴിയാത്ത നോവുകൾ ഉളളിൽ നീറി പുകയുമ്പോഴും ഭ്രാന്തിൻ്റെ മുഖം മൂടി അണിഞ്ഞത് എൻ്റെ കണ്ണുകൾ നിൻ്റെ മുൻപിൽ നിറയാതിരിക്കാനായിരുന്നു...

ഒടുവിൽ നീയും എന്നെ വിളിച്ചു... ''ഭ്രാന്തി '' എന്ന്...
'ഇല്ല' ... തെല്ലും അതെൻ്റെ മനസിനെ നോവിക്കില്ല.. കാരണം തെറ്റ് പറ്റിയത് എനിക്കാണ്... ജീവിതത്തിലെ ഒാരോ നഷ്ടങ്ങളെയും വളരെ നിസാരമായി നിനക്ക് മുന്നിൽ ഞാൻ തുറന്നു കാട്ടി ; ഒരു ഭ്രാന്തൻ ചിരിയാൽ മൂടി കൊണ്ട് .....

'പാടില്ലായിരുന്നു... തെറ്റ് പറ്റിയിരിക്കുന്നു എനിക്ക് ... '

നീ പറഞ്ഞത് ശരിയാണ്... എൻ്റെ ഭ്രാന്തൻ ചിന്തകളാണ് എന്നെ ഇങ്ങനെ മാറ്റിയത്.. അത് ഒഴിവാക്കിയാൽ തന്നെ എല്ലാം മാറും... എല്ലാം.....

പക്ഷെ അപ്പോഴും നീ മനസിലാക്കാത്ത ഒന്നുണ്ട്... എൻ്റെ മനസ്....

ഏത് ചിന്തകളെയാണ് ഞാൻ അകറ്റി നിർത്തേണ്ടത്...? എനിക്ക് സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് ഒാർത്തുളള എൻ്റെ വിങ്ങലുകളെയോ... ? അതോ ആ നഷ്ടങ്ങൾ എനിക്കുണ്ടാക്കിയ നാശങ്ങളെയോ..?

എല്ലാമറിയുന്നവനാണ് നീ... നിനക്ക് മാത്രമാണ് എല്ലാം അറിയുക..

ഒന്നും നേടിയിട്ടില്ല ഞാൻ .. അഥവാ ; നേടിയെന്ന് തോന്നിയവയെല്ലാം കൈപിടിയിൽ ഒതുങ്ങി എന്ന് കരുതിയ സമയം നഷ്ടങ്ങളായി മാറപ്പെട്ടു.. അതല്ലെ സത്യം... അതെ അത് തന്നെ..

അറിയുന്നുണ്ടോ നീ അത്...?

ഭയം... അതെന്നെ പിടി കൂടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.. പക്ഷെ ഇന്ന് അതും എന്നിൽ പിടി മുറിക്കിയിരിക്കുന്നു...
എന്തിനാണ് ഞാൻ ഭയപ്പെടുന്നത്... അറിയണ്ടേ നിനക്ക്..

'വിധി '

അതെ വിധി എന്ന രണ്ടക്ഷരത്തെ ഞാൻ ഭയപ്പെടുന്നു...
വിധി എനിക്ക് നൽകിയ നേട്ടങ്ങളെല്ലാം നഷ്ടങ്ങളുടെ പട്ടികയിലെക്ക് വലിച്ചെറിഞ്ഞു... ഒടുവിൽ ഞാൻ നേടിയത് നിന്നെയാണ് ...

എൻ്റെ കണ്ണുകൾ നിനക്ക് മുന്നിൽ നിറയുന്നത് , ഭയം എന്നെ കീഴ്പ്പെടുത്തിയതിനാലാണ്....

അതെ ... ഞാൻ ഭയപ്പെടുന്നു.. ബന്ധങ്ങളെല്ലാം നഷ്ടങ്ങളായി മാറിയ എൻ്റെ ജീവിതത്തിൽ നിന്നിലൂടെ വിധി എന്നെ തേടി വരുന്നത് എപ്പോഴാണെന്ന ഭയത്തിൽ ഞാൻ തീർത്തും ഭ്രാന്തിയായിരിക്കുന്നു...

തൂലിക തുമ്പിൽ ഞാൻ കോർത്തു വച്ച അക്ഷരങ്ങൾ പോലും എന്നെ ഒരു ഭ്രാന്തിയായി ചിത്രീകരിക്കുന്നുണ്ടോ..? അറിയില്ല !

പക്ഷെ ഒന്നെനിക്കറിയാം..

എൻ്റെ പുഞ്ചിരിക്കും കണ്ണുനീരിനും ആത്മാവ് നഷ്ടപ്പെട്ട ഈ ശരീരത്തിനും പോലും ജീവൻ പകരുവാൻ നിനക്കല്ലാതെ മറ്റാർക്കും സാധിക്കില്ല...

                                                                                   പൊന്നൂസ് 

Tuesday, 16 May 2017

പകലിനെ പ്രണയിച്ചവൻ



അസ്തമയ സൂര്യന് ഇന്ന്
എന്തെന്നില്ലാത്ത മനോഹാരിതയാണ്...
തൻ്റെ പ്രിയതമയെ കണ്ട നാണം കൊണ്ട്
ചുവന്ന് തുടുത്ത കവിളുകളാകണം
ഇത്രേം ഭംഗി നൽകുന്നതെന്ന് തോന്നി പോകും.. .
പ്രണയാർദ്രമായ ആ കണ്ണുകളുടെ
ജ്വലനത്തിനു പോലും അനുരാഗത്തിൻ്റെ തീവ്രതയാണ്...
ഇന്നീ പകൽ വിട വാങ്ങുമ്പോഴും ;
ഇരുളാഴങ്ങളിലേക്ക് അവൻ
ആഴ്ന്നിറങ്ങുമ്പോഴും നാളെയവൾ
തന്നോട് അലിഞ്ഞു ചേരുമെന്ന സ്വപ്നമാണവന്...
തൻ്റെ പ്രണയിനിക്കായ് ഉദയ കിരണങ്ങളുമായി
അവനെത്തുമെന്ന വിശ്വാസത്താൽ
അവളും മയങ്ങുന്നു
                         
                                          പൊന്നൂസ്


   
                    

എൻ്റെ പ്രണയം

     ■ എൻ്റെ പ്രണയം ■

‌ആത്മനിർവൃതിയുടെ കാണാകയങ്ങൾ
തേടി ഞാൻ അലയുമ്പോൾ ഒരു തണലായി
വന്നതായിരുന്നു അവൻ...

ആ നിമിഷം ഹൃദയത്തിൻ്റെ
ഉൾകോണിലെവിടെയോ ആർത്തലച്ചു
പെയ്തു കൊണ്ടിരുന്ന കണ്ണീർമഴയുടെ
ശക്തി കുറഞ്ഞു വന്നു...

ചിരിക്കാൻ എന്നോ മറന്നു പോയ
അധരങ്ങൾ സാവധാനം ചിരിതൂകുവാൻ തുടങ്ങി...
അതു വരെ എന്നെ പുണർന്നിരുന്ന ഏകാന്തത
അകലങ്ങളിലേക്ക് മാഞ്ഞു പോയി....

ഇന്നെൻ്റെ സന്തോഷവും  ആനന്ദവും
അവനിലൂടെയാണ്.
ഹൃദയമിടിപ്പിൻ്റെ താളം പോലും
അവൻ്റെ നാമം മാത്രമായിരിക്കുന്നു...
എൻ്റെ ഓരോ നിശ്വാസവും
തേടുന്നത് അവനെയാണ്...
എൻ്റെ പ്രാണൻ്റെ പകുതിയായി മാറിയ പ്രണയമേ
നിന്നെ ഞാൻ കാത്തിരിക്കുന്നൂ ...
ഈ ജൻമം നിൻ്റെ ആത്മാവിൽ
അലിയുവാൻ  കൊതിച്ചു കൊണ്ട് .....
 

‌                           പൊന്നൂസ്

പ്രണയാഗ്നി

പ്രണയാഗ്നി
•••••••••••••••••

'ഞാൻ' ആരാണെന്നതിനു ഉത്തരം തേടി
 ഒരുപാട് അലഞ്ഞു ... ഒടുവിൽ നീ പറഞ്ഞു
 നിൻ്റെ പ്രണയമാണ് 'ഞാൻ' എന്ന്....
 'ഞാൻ ' നിന്നിൽ നിന്നും തുടങ്ങി
 നിന്നിലേക്ക് തന്നെ അവസാനിക്കുമെന്ന്...
ആത്മാവിൻ്റെ ആഴങ്ങളിൽ പതിഞ്ഞ വാക്കുകൾ
ഹൃദയത്തെ ഓരോ നിമിഷവും കീറി മുറിച്ച് കൊണ്ടേയിരുന്നു..
 ഒടുവിൽ നിൻ്റെ വാക്കുകൾ സത്യമാണെന്ന് തിരിച്ചറിഞ്ഞു...
ആ നിമിഷം ഞാൻ നിന്നെ തിരഞ്ഞു... കണ്ടില്ല....
ഇരുട്ടിൻ്റെ നിഴൽ വെളിച്ചത്തിൽ  പോലും നീ ഉണ്ടോയെന്ന് പരതി..
. കണ്ടെത്താൻ കഴിഞ്ഞില്ല........
ഇന്നെൻ്റെ ഹൃദയത്തെ നീയൊരു
പ്രണയാഗ്നി ആയി വിഴുങ്ങീടുമ്പോഴും
അലയുകയാണ്,  ഞാൻ ...
 എന്താണ് 'നീ' എന്നതിൻ ഉത്തരം തേടി .....
                               
                                          പൊന്നൂസ്

                                       

മണ്ണും മനുഷ്യനും

ശിലയുടെ ഗർഭത്തിൽ
ജൻമം കൊണ്ട മണ്ണിനും
മരണമിന്ന് മാനവൻ
തൻ കൈകളിലോ..

കേവലം സ്വാർത്ഥതയ്ക്കു
മണ്ണിനോടും ക്രൂരതയോ...

ഭൂമി തൻ ചർമ്മത്തെ
വേദനിപ്പിച്ചീടുമ്പോൾ
ഓർക്കുക മാനവാ ! -
നിൻ ശരീരവും നാളെ
ലയിച്ചീടേണ്ടതീ മണ്ണിലെന്ന്...

നാളെ നിൻ തലമുറകളും
പിറന്നു വീണു വളർന്നീടേണ്ടത്
ഈ മണ്ണിലെന്ന്...

ചുവടു വച്ചു നീ
നടന്നീടുമ്പോഴും
ചുവടു തെറ്റാതെ
നിന്നെ താങ്ങിടുന്നവൾ

അരുതേ ഇനിയും
വിഷമയമാക്കരുതവളേ...
മണ്ണാകിലും അവൾക്കുമുണ്ടൊരു
പരുശുദ്ധി...

പുതുമണ്ണിൻ സുഗന്ധം
അന്യമാക്കരുതീ
ഭൂവിൽ നിന്നിനിയും....

കേഴുന്നവൾ - ശ്രവിക്കുന്നുവോ
നീ അതും ആനന്ദത്താൽ...

അമ്മയാണവൾ - ഭൂമി
എന്നാകിലും സഹനം
അവൾക്കും പരിമിതം...

ഒരു നാൾ അണിയുമവളും
ക്രൂരതയുടെ മുഖംമൂടി...
വിദൂരമല്ലിനിയുമാകാലം...

‌'ഹേ , മാനവാ ' നിന്നിലെ
ക്രൂരഹസ്തങ്ങൾ
ഇനിയുമവൾക്കു മേൽ പതിഞ്ഞാൽ
അടി തെറ്റും നിൻ
കാലടികൾക്ക് പോലും ;
നീയറിയും ശേഷം
ആ പ്രകൃതിസ്വത്തിൻ വില...
     
                       പൊന്നൂസ് കൃഷ്ണ (RK)

Monday, 15 May 2017

കയ്യൊപ്പ്


എൻ നെറുകിൽ നീ
ചാർത്തിയ കുങ്കുമത്തിൻ
കയ്യൊപ്പ് മാഞ്ഞില്ലിതുവരെ..

തെളിഞ്ഞും ഒളിഞ്ഞും വന്നൂ
നീ എൻ ജീവിതവഴിയിൽ
ചാലിച്ചെഴുതിയ ആദ്യകയ്യൊപ്പ്...

പ്രണയം മൊട്ടിട്ട
എൻ ആത്മാവിൽ നിന്നാൽ
പൂവിട്ട  ചുവന്ന പുഷ്പം...

കാത്തു വച്ചൂ
ഞാനെന്നുമീ നെറുകിൽ
നിൻ ആദ്യ സമ്മാനം..

നിൻ നിഷ്കളങ്ക -
സ്നേഹത്താൽ ചാലിച്ച
കുങ്കുമത്തിനും ഹൃദയത്തിലൊഴുകുന്നയാ-
അരുവി തൻ നിറമായിരുന്നൂ...

കാലം കടന്നു പോയി-
യാ കുങ്കുമചുവപ്പിനെ
ചേർത്തു വച്ചൊരീയെൻ
ഹൃദയ തന്ത്രികളെ പോലും
തകർത്തൂ മറ്റൊരു
കൈയ്യൊപ്പിനാൽ നീ...

അക്ഷരങ്ങൾ നിറച്ചെഴുതിയ
താളുകൾ മറിച്ചു നീ
ചാർത്തിയ കൈയ്യൊപ്പിനാൽ
വിങ്ങീ ഈ നെഞ്ചകം...

നിഷ്ക്രൂരമീ കാലത്തിനും
 കൈയ്യൊപ്പ് ചാർത്താൻ ഒരിടമൊരുങ്ങീ-
ഒടുവിൽ കാലവും
ചാർത്തി കയൊപ്പുകൾ
 എൻ ആത്മാവിൻ ആഴങ്ങളിൽ...

                 PonnuZz 🌹